പ്രതിരോധത്തിന് കരുത്തുപകരാൻ എമിസാറ്റുമായി ഇന്ന് പിഎസ്‌എൽവി സി-45 പറന്നുയരും

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ പ്രതിരോധത്തിനു കരുത്തുപകരുന്ന എമിസാറ്റ് ഉപഗ്രഹമുള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 45 ഇന്ന് പറന്നുയരും. രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് വിക്ഷേപണം.

എമിസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ആദ്യദൗത്യം. 436 കിലോഗ്രാമാണ് ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റിന്റെ ഭാരം. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് കൊണ്ടുവരും ഇവിടെയാണ് ബാക്കി 28 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. തുടര്‍ന്ന് 485 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ന്ന് മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളിൽ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, റേഡ‍ിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആർഐഎസ് എന്നിവയാണിവ.

കൗടില്യ എന്ന പേരില്‍ രഹസ്യമായായി ഡിഫന്‍സ് ഇലക്ട്രോണിക് റിസര്‍ച്ച് ലാബിലായിരുന്നു നിര്‍മാണം നടന്നത്. അതിര്‍ത്തികളില്‍ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് നല്‍കാനും കഴിയുന്ന എമിസാറ്റ് തീര്‍ത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിട്ടുണ്ട്.

ജൂലായോടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി രണ്ട് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്.

Top