നെയ്മറെ റെഡ് കാര്‍ഡ് നല്‍കി പുറത്താക്കിയ തീരുമാനം കടുത്തതായിപ്പോയെന്ന്‌ പരിശീലകന്‍

ജര്‍മ്മനി: പിഎസ്ജി സൂപ്പര്‍ താരം നെയ്മറെ റെഡ് കാര്‍ഡ് നല്‍കി പുറത്താക്കിയ തീരുമാനത്തിനെതിരെ പിഎസ്ജി പരിശീലകന്‍ ഉനായ് എംറി രംഗത്തെത്തി.

തീരുമാനം കടുത്തതായിപ്പോയെന്നും, എതിര്‍ കളിക്കാരന്‍ നെയ്മറെ നിരന്തരം പ്രകോപിപ്പിക്കുകയായിരുന്നുവെന്നും, പുറത്താക്കിയതില്‍ നിരാശയുണ്ടെന്നും, ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ റഫറി നന്നായി ആലോചിക്കണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫ്രഞ്ച് ലീഗില്‍ മാര്‍സെയ്ല്ലയ്‌ക്കെതിരെയുള്ള മത്സരവേളയിലാണ് സൂപ്പര്‍ താരത്തിന് റെഡ് സിഗ്നല്‍ കിട്ടിയത്.

മിനുറ്റുകളുടെ വ്യത്യാസത്തില്‍ ലഭിച്ച രണ്ട് മഞ്ഞക്കാര്‍ഡുകളാണ് മുന്‍ ബാര്‍സ സൂപ്പര്‍ താരത്തെ പുറത്തിരുത്തിയത്‌.

മത്സരത്തില്‍ നിലവിലെ അഞ്ചാം സ്ഥാനക്കാരായ മാര്‍സെയ്ല്ല വമ്പന്മാരായ പിഎസ്ജിയെ സമനിലയില്‍ പൂട്ടി(2-2).

പത്ത് മത്സരങ്ങളില്‍ നിന്ന് പിഎസ്ജിയുടെ രണ്ടാം സമനിലയാണിത്. മത്സരത്തില്‍ ഒരു ഗോള്‍ നെയമ്‌റുടെ വകയായിരുന്നു.

തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന പിഎസ്ജിയെ മറ്റൊരു സൂപ്പര്‍താരമായ എഡിസണ്‍ കവാനിയാണ് സമനിലയിലെത്തിച്ചത്.

ഇഞ്ച്വറി ടൈമില്‍ ബോക്‌സിന് തൊട്ടടുത്ത് ലഭിച്ച ഫ്രീകിക്ക് കവാനി ഗോളാക്കുകയായിരുന്നു.

Top