പി.എസ്.സി. നിയമങ്ങളില്‍ സംവരണം വേണം, മൂന്നാംലിംഗം പദം ഒഴിവാക്കണം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

തിരുവനന്തപുരം: പി.എസ്.സി. വഴിയുള്ള നിയമനങ്ങളില്‍ ന്യൂനപക്ഷമായി പരിഗണിച്ച് സംവരണം നല്‍കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. സ്ഥിരതയുള്ള ജോലി ലഭിച്ചാല്‍ ജീവിതനിലവാരവും പൊതുജനങ്ങളുടെ മനോഭാവവും മെച്ചപ്പെടുമെന്നും അവര്‍ ഉന്നയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഗണിച്ച് സംസ്ഥാന യുവജന കമ്മിഷന്റെ അദാലത്തിലായിരുന്നു ഇവര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ മൂന്നാംലിംഗം എന്ന പദം ഒഴിവാക്കി ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണമെന്നും അദാലത്തില്‍ ആവശ്യമുയര്‍ന്നു.ശസ്ത്രക്രിയയ്ക്കു ശേഷം തുക നല്‍കുന്നതിനു പകരം സര്‍ക്കാര്‍ ചെലവില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സാമൂഹികക്ഷേമ വകുപ്പിന്റെ ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ ഓഫീസ് അറ്റന്‍ഡന്റ് കാര്‍ത്തിക, മുന്‍ പ്രോജക്ട് അസിസ്റ്റ് ലയ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി നാദിറ മെഹ്റിന്‍ എന്നിവരും അദാലത്തിനെത്തി.

Top