പി എസ് സി സമരം രാഷ്ട്രീയം, തസ്തിക സൃഷ്ടിക്കല്‍ അപ്രായോഗികം; ഐസക്ക്

Thomas-Issac

തിരുവനന്തപുരം: പി എസ് സി സമരം രാഷ്ട്രീയമാണെന്നാവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്, എല്ലാ ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ല. തസ്തിക സൃഷ്ടിക്കല്‍ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണെന്നും ഐസക്ക് വ്യക്തമാക്കി.

അതേസമയം, ഇന്നത്തെ മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ നിരാശാജനകമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ യുവതി യുവാക്കളെ വഞ്ചിച്ചു. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വൈരാഗ്യ ബുദ്ധി? രാത്രിയുടെ മറവില്‍ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് വന്ന് ചര്‍ച്ച നടത്താന്‍ നോക്കി. ബുധനാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരുന്നെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നം പഠിക്കാന്‍ മാത്യു കുഴല്‍നാടനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് മുട്ടിലിഴഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പൊരിവെയിലത്ത് തളര്‍ന്നുവീണു. അവരെ ആംബുലന്‍സ് എത്തിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.

Top