പി എസ് സി സമരത്തില്‍ മുഖ്യമന്ത്രി ദുര്‍വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

ആലപ്പുഴ: പിഎസ്‌സി റാങ്ക് ഹോള്‍ഡ്സ്‌ഴ്സിന്റെ സമരം ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ദുര്‍വാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുട്ടുകാലില്‍ നിന്ന് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ല. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം. നിയമനങ്ങളില്‍ പൂര്‍ണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കേരള ബാങ്ക് പിരിച്ചു വിടും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ നാല് മന്ത്രിമാരുണ്ടായിട്ടും ഒരു രൂപ പോലും കുട്ടനാട് പാക്കേജിനായി ചെലവഴിച്ചില്ല. കയര്‍ വ്യവസായത്തെ തോമസ് ഐസക് മ്യൂസിയത്തിലാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഗൗരവകരമായ വിഷയമാണ്. യുവാക്കളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും തുറങ്കിലടക്കുന്നു. ഇത് ജനാധിപത്യതത്തിലേക്കുള്ള കടന്നു കയറ്റമാണ്. അറസ്റ്റ് നടപടികളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി കാപ്പന്റെ മുന്നണി പ്രവേശനം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top