പി.എസ്.സി സമരം അതിശക്തം; നാടകീയ നീക്കങ്ങളുമായി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ വന്‍ പ്രതിഷേധം. സമരത്തിനിടെ ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച രണ്ടുപേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

ജനുവരി 26 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ഉദ്യോഗാര്‍ഥികളുടെ സമരത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ സമര വേദിയിലെത്തിയിരുന്നു. ഇതിനിടെയാണ് പി.എസ്.സി. പട്ടികയിലെ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീണ്‍കുമാര്‍ എന്നിവര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ഇരുവരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ പോലീസ് ഇടപെട്ട് ഇവരെ സമരവേദിയില്‍നിന്ന് മാറ്റി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പി.എസ്.സി. പട്ടികയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക ആറ് മാസത്തേക്ക് നീട്ടുക, റാങ്ക് പട്ടികയിലുള്ളവര്‍ക്ക് എത്രയും വേഗം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

 

Top