നിയമ വിരുദ്ധ നിയമനങ്ങള്‍ ആവശ്യപ്പെട്ടാണ് പി എസ് സി സമരം; എ വിജയരാഘവന്‍

കണ്ണൂര്‍: പി എസ് സി സമരം നിയമ വിരുദ്ധമായി നിയമനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണെന്ന് എ വിജയരാഘവന്‍. കാലഹരണപ്പെട്ട ലിസ്റ്റിലുള്ളവര്‍ സമരം ചെയ്യുന്നു, യൂത്ത് കോണ്‍ഗ്രസ് പന്തല് കെട്ടിയത് അക്രമസമരം നടത്താനാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത്. പി എസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് മുട്ടുകാലില്‍ ഇഴയിപ്പിച്ചോ എന്നും എ വിജയരാഘവന്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈന്തപ്പഴത്തില്‍ സ്വര്‍ണ്ണം കടത്തി എന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ ഈന്തപ്പഴം എവിടെ? തുടര്‍ ഭരണം ഇല്ലാതാക്കാന്‍ എത്ര തരംതാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യുഡി എഫ് തയ്യാറാകുന്നു. 3 ലക്ഷം താത്കാലിക നിയമനം നടന്നു എന്ന ആരോപണം വസ്തുതപരമായി തെളിയിക്കാന്‍ ചെന്നിത്തല തയ്യാറാവണം എന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

അതേസമയം, പിഎസ്സി റാങ്ക് ഹോള്‍ഡ്‌സ്ഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ദുര്‍വാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുട്ടുകാലില്‍ നിന്ന് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്. പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ല. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം. നിയമനങ്ങളില്‍ പൂര്‍ണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top