പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ കത്ത്; ചര്‍ച്ചയ്ക്കുള്ള ക്ഷണം?

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്തുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എത്തിയെന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥി ലയാ രാജേഷ്. എന്നാല്‍, കത്ത് തന്റെ പേരിലല്ലായിരുന്നു, റിജു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പേരിലായിരുന്നു കത്ത്. ഈ ഉദ്യോഗാര്‍ത്ഥി സ്ഥലത്തില്ലാത്തതിനാല്‍ വിലാസം മാറ്റാനായി കൊണ്ടുപോയി. കത്ത് തന്റെ പേരില്‍ മാറ്റി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും ലയ പറഞ്ഞു. കത്തിന്റെ ഉള്ളടക്കം എന്തെന്ന് വ്യക്തമല്ല. ചര്‍ച്ചയ്ക്കായുള്ള സര്‍ക്കാരിന്റെ ക്ഷണമാണെന്ന് പ്രതീക്ഷിക്കുന്നവെന്നും ലയാ രാജേഷ് കൂട്ടിച്ചേര്‍ത്തു.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. മന്ത്രിതല ചര്‍ച്ചയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്. ചര്‍ച്ച വേണ്ട എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ട എന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവര്‍ണറും ആവശ്യപ്പെട്ടതായാണ് സൂചന. ചര്‍ച്ച വേണ്ടെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതടക്കം സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം.

Top