പി.എസ്.സി സമരം; ബുള്ളറ്റില്‍ പ്രതിഷേധ യാത്ര നടത്തി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: പി.എസ്.എസി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചി മുതല്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് വരെ ബുള്ളറ്റില്‍ പ്രതിഷേധ യാത്ര നടത്തി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. റാങ്ക് പട്ടികയുടെ കാലവധി നീട്ടാതിരിക്കുകയും പിഎസ്‌സിയെ അവഗണിച്ച് പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്തതിനെതിരെയാണ് നേതാവിന്റെ പ്രതിഷേധം.

തന്റെ സമരത്തില്‍ രാഷ്ട്രീയമില്ലെന്നും പി.എസ്.സി ജോലിക്കായി കഠിനപരിശ്രമം നടത്തി കാത്തിരിക്കുന്ന കേരളത്തിലെ യുവാക്കളെ അവഗണിക്കാനാണ് സര്‍ക്കാരിന്റെ ഉദേശമെങ്കില്‍ കടുത്ത പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടന്ന നീതി യാത്രയുടെ സമാപന സമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

എല്ലാ പരിധിയും ലംഘിച്ചാല്‍ മന്ത്രിമാര്‍ക്ക് തലങ്ങും വിലങ്ങും നടക്കാം എന്നത് വ്യാമോഹം മാത്രമാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും അടിയന്തരമായി നിയമനം നടത്തണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. സെക്രട്ടേറിയറ്റിന് മുന്‍പില്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ നടത്തുന്ന പ്രതിഷേധം വലിയ സമരമായി മാറുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളുടെ തുടര്‍ സമരത്തിന് പ്രതിപക്ഷ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top