പരീക്ഷയില്‍ ക്രമക്കേട് ; കോഴിക്കോട്ട് പിഎസ് സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്ട് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തി എസ്എഫ്ഐ നേതാക്കള്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്.

സംഘര്‍ഷത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച് തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായിരിക്കുകയാണ്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും നടത്തി. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

തുടക്കത്തില്‍ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു.

Top