പിച്ച ചട്ടിയുമായി കെ.എസ്.ഇ.ബി മീറ്റർ റീഡർ ഉദ്യോഗാർത്ഥികൾ യാചനാ സമരത്തിലേക്ക്

തിരുവനന്തപുരം: നിയമനനിരോധനത്തിനെതിരെ സര്‍ക്കാരിന്റെ കരുണയാചിച്ച് കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പിച്ചചട്ടിയുമായി യാചനാ സമരം നടത്തുന്നു.

12നാണ് പി.എസ്.സി ഓഫീസിന് മുന്നില്‍ വേറിട്ട സമരം അരങ്ങേറുക. പിഎസ്.സി നടത്തിയ കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ പരീക്ഷകഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കി നിയമനം വൈകുന്നതിനെതിരെയാണ് പ്രതിഷേധം. 2014ല്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച തസ്തികയിലേക്ക് 2016 ഏപ്രില്‍ ഏഴിനാണ് പി.എസ്.സി പരീക്ഷ നടത്തിയത്.

11825പേര്‍ എഴുതിയ പരീക്ഷയില്‍ 1000 പേരുടെ മുഖ്യപട്ടികയും 1000 പേരുടെ ചുരുക്കപ്പട്ടികയും തയ്യാറാക്കാന്‍ 2016 നവംബറില്‍ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. സമാനസമയത്ത് പി.എസ്.സി നടത്തിയ പരീക്ഷകളിലെ റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമന നടപടികള്‍ ആരംഭിച്ചിട്ടും കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ത്ഥികളോട് ചിറ്റമ്മനയം തുടരുകയാണ്.

നിലവില്‍ കെ.എസ്.ഇ.ബി.യില്‍ 1721 മീറ്റര്‍ റീഡര്‍ തസ്തികയുണ്ടെങ്കിലും 1300 ഓളം കരാര്‍ ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഐ.ഐ.എം റിപ്പോര്‍ട്ടിന്റെയും റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെയും മറവിലാണ് കെ.എസ്.ഇ.ബി നിയമനിരോധനം നടപ്പാക്കുന്നത്. പി.എസ്.സി പരീക്ഷാ പ്രായപരിധി കഴിഞ്ഞ ഒട്ടേറെപേര്‍ മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ത്ഥികളിലുണ്ട്. സര്‍ക്കാര്‍ ജോലി എന്ന ഇവരുടെ സ്വപ്നങ്ങള്‍ക്കാണ് കെ.എസ്.ഇ.ബി കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നുത്.

12ന് രാവിലെ 10ന് പി.എസ്.സി ഓഫീസിന് മുന്നില്‍ കെ.മുരളീധരന്‍ എം.എല്‍.എ യാചനാസമരം ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ.എന്‍ രാജന്‍ പങ്കെടുക്കും.

Top