പ്രതികളായ മൂന്ന് പേരെ ഒഴിവാക്കി; പോലീസ് കോൺസ്റ്റബിൾ നിയമനം ഉടൻ

തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്താൻ പിഎസ്സി തീരുമാനിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ നിയമന ശിപാർശ നൽകും. തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് പിഎസ്‌സിയുടെ തീരുമാനം.

പ്രതികൾ ഉൾപ്പെട്ടിരുന്ന കാസർകോട് ആംഡ് പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയിൻ റാങ്ക് പട്ടിക 4 മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യം പിഎസ് സിയും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെയാണ് ശേഷിക്കുന്നവർക്ക് നിയമനം നൽകാൻ പിഎസ് സി തീരുമാനിച്ചത്.

പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‌സിക്ക് നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

Top