പി.എസ്.സി പരീക്ഷ ക്രമക്കേട്; സന്ദേശങ്ങള്‍ അയച്ചത് എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പൊലീസുകാരനും പങ്കുണ്ടെന്ന് പി.എസ്.സി വിജിലന്‍സ് റിപ്പോര്‍ട്ട്.പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാ ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്‍ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

പി.എസ്.സി പരീക്ഷയ്ക്കിടയില്‍ ശിവരഞ്ജിത്തിന് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും വന്നിരുന്നതായാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് ശിവരഞ്ജിത്ത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുന്‍ നേതാവും.

കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടയില്‍ പ്രതികളുടെ ഫോണില്‍ രണ്ട് മണി മുതല്‍ മൂന്നേകാല്‍ വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നായിട്ടാണ് പ്രതികള്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു.

Top