പി.എസ്.സി സമരം പ്രഹസനവും അഭിനയവുമെന്ന് ഇ പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റാങ്ക്‌ഹോള്‍ഡേഴ്‌സിന്റെ സമരം പ്രഹസനവും അഭിനയവുമെന്ന് മന്ത്രി ഇ പി ജയരാജന്‍. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോഴാണ് കടുത്ത വിമര്‍ശനവുമായി മന്ത്രി എത്തിയത്. സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും റാങ്ക് ഹോള്‍ഡര്‍മാരല്ലെന്നും കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരുമാണെന്നും മന്ത്രി പറഞ്ഞു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആത്മഹത്യാ ശ്രമത്തെ കളിയാക്കിയ മന്ത്രി പ്രതിപക്ഷമാണ് സമരത്തിന് പിന്നിലെന്നും വിമര്‍ശിച്ചു.

ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താനാവൂ. ചട്ടം പാലിക്കാതെ നിയമനം നടത്തിയതാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. പത്തിലേറെ കൊല്ലം ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ വഴിയാധാരമാക്കാന്‍ പറ്റുമോ? അവരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഏറ്റവും വലിയ ശരിയാണ്, ഇപി ജയരാജന്‍ പറഞ്ഞു.

അതേസമയം, 20ന് മുന്‍പ് തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായ നടന്ന മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രാഷ്ട്രീയഭേദനന്യേ എല്ലാവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റാങ്ക് ഹോള്‍ഡമാരുടെ വിശദീകരണം. സെക്രട്ടേറിയറ്റിലെ റാങ്ക് ഹോള്‍ഡറുമാരുടെ സമരത്തിന് പിന്തുണയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധമുണ്ടായി. റാങ്ക് ഹോള്‍ഡമാരുടെ സമരത്തിന് പിന്തുണയുമായി ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആക്രമാസക്തമായി. സമരക്കാര്‍ക്കെതിരെ പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്‍ മാധ്യമപ്രവര്‍ത്തികര്‍ക്കിടയിലേക്ക് വീണതിനെ തുടര്‍ന്നും വാക്കേറ്റമുണ്ടായി.

കൊച്ചിയിലും പാലക്കാട്ടും തൃശൂരും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. ഒരു ഭാഗത്ത് സര്‍ക്കാരിനെതിരെ സമരം നടക്കുമ്പോള്‍ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് നിയമനം കിട്ടിവയരും കുടുംബാംഗങ്ങളും സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനം നടത്തി.

കാലാവധി തീരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുണ്ടായിരുന്ന യുവാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വായ് മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും ഈ പട്ടികയില്‍ മുന്‍നിര റാങ്കുകാരാണ് പരീക്ഷയില്‍ കൃതിമം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഒ റാങ്ക് ലിസ്റ്റിലെ നിയമനം ഏറെക്കാലം മരവിപ്പിച്ചിരുന്നു.

 

Top