പി.എസ്.സി. പരീക്ഷാ സിലബസ് ചോര്‍ന്നുവെന്ന് ആരോപണം

തിരുവനന്തപുരം: എല്‍ഡിസി, എല്‍ജിഎസ് പി.എസ്.സി. പരീക്ഷയുടെ സിലബസ് ചോര്‍ന്നുവെന്ന് ആരോപണം. സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും ചെയര്‍മാര്‍ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം.

പി.എസ്.സി. പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്ന് രാവിലെയാണ് പി.എസ്.സി. ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂര്‍ണരൂപം പ്രചരിച്ചിരുന്നു.

ഒരുപാട് മാറ്റങ്ങളോടെ പി.എസ്.സി. തയ്യാറാക്കിയ സിലബസാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.

Top