കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപണിംഗ് സ്വന്തമാക്കി ‘പിഎസ് 2’

ദ്യദിനം കേരളത്തില്‍ നിന്ന് മികച്ച കളക്ഷൻ സ്വന്തമാക്കി മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. ഈ വര്‍ഷത്തെ റിലീസുകളില്‍ രണ്ടാം സ്ഥാനത്താണ് ചിത്രം. 2.82 കോടിയാണ് ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയത്. പൊന്നിയിന്‍ സെല്‍വന്‍ തമിഴ് നാട്ടില്‍ നിന്ന് മാത്രം 20 കോടിയിലേറെ നേടിയതായാണ് കണക്കുകള്‍. യുഎസില്‍ നിന്ന് ചിത്രം നേടിയ ഓപണിംഗ് 1.5 മില്യണ്‍ ഡോളറിന് മുകളിലാണ്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്റെ ഫ്രെയ്‍മില്‍.

ഇതരഭാഷാ ചിത്രങ്ങള്‍ക്ക് മുന്‍പുതന്നെ വലിയ ആരാധകരുള്ള സംസ്ഥാനമാണ് കേരളം. മലയാളചിത്രങ്ങള്‍ പോലെ തന്നെയാണ് തമിഴ് സിനിമകളും ഇവിടെ സ്വീകരിക്കപ്പെടാറ്. അല്ലു അര്‍ജുനെപ്പോലെയുള്ള അപൂര്‍വ്വം താരങ്ങളുടെ ചിത്രങ്ങളാണ് തെലുങ്കില്‍ നിന്ന് മുന്‍പ് ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ബാഹുബലി ഫ്രാഞ്ചൈസി അത് മാറ്റിമറിച്ചു. കെജിഎഫ് വന്നതോടെ കന്നഡ സിനിമകള്‍ക്കും ഇവിടെ ഒരു പ്രേക്ഷകസമൂഹമുണ്ട്. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങള്‍ മാത്രം വിജയം നേടിയ ഇക്കൊല്ലം ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇതരഭാഷാ ചിത്രങ്ങളാണ്.

വിജയ്‍ നായകനായ വാരിസ് ആണ് ഈ വര്‍ഷത്തെ റിലീസുകളില്‍ കേരളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഓപണിംഗ് നേടിയ ചിത്രം. 4.45 കോടിയാണ് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്ത് പൊന്നിയിന്‍ സെല്‍വന്‍ 2. ഷാരൂഖ് ഖാന്റെയും ബോളിവുഡിന്റെ തന്നെയും തിരിച്ചുവരവ് ചിത്രമായിരുന്ന പഠാന്‍ ആണ് മൂന്നാം സ്ഥാനത്ത്. 1.95 കോടിയാണ് റിലീസ് ദിനത്തില്‍ പഠാന്‍ കേരളത്തില്‍ നിന്ന് നേടിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഒരേയൊരു മലയാള ചിത്രം മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ ആണ്. 1.7 കോടിയാണ് ചിത്രത്തിന്റെ ഓപണിംഗ്. വാരിസിനൊപ്പം എത്തിയ അജിത്ത് കുമാറിന്റെ പൊങ്കല്‍ ചിത്രം തുനിവ് ആണ് അഞ്ചാം സ്ഥാനത്ത്. 1.43 കോടിയാണ് ചിത്രത്തിന്റെ നേട്ടം.

Top