ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറി : ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ജീവന്‍ രക്ഷപ്പെടുത്താനായി നിലവിളിക്കുന്നു,ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറിയെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അതേസമയം എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരുക്കേറ്റ എഐഎസ്എഫ് നേതാക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ തന്റെ വണ്ടി തടഞ്ഞത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഞാറക്കലെ ചില സാമൂഹ്യ വിരുദ്ധരും ചേര്‍ന്നാണെന്നും ഈ സമയം ഞാറക്കല്‍ സിഐ നോക്കുകുത്തിയെ പോലെ നില്‍ക്കുകയായിരുന്നെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി.

ഞാറക്കല്‍ സിഐ മുരളിയെ പോലെയുള്ളവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഈ നടപടി ശരിയല്ലെന്ന് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും രാജു കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയായിരുന്നു എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരുക്കേറ്റ എഐഎസ്എഫ് നേതാക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. പിന്നീട് പ്രശ്‌നം പരിഹരിക്കാനെത്തിയ ഞാറക്കല്‍ സി.ഐ യുമായി സിപിഐ നേതാക്കള്‍ തട്ടിക്കയറി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വാഹനമായിരുന്നെങ്കില്‍ ഇങ്ങനെ തടയുമോയെന്ന് ചോദിച്ചായിരുന്നു സിപിഐ നേതാക്കളുടെ പ്രതിഷേധം.

കൊച്ചി വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ വൈകീട്ടുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ രണ്ട് എഐഎസ്എഫ് നേതാക്കള്‍ക്ക് പരുക്കേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ്, പ്രസിഡന്റ് വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top