യുഎഇയുടെ സഹായം വാങ്ങരുതെന്ന ആര്‍എസ്എസ് നിര്‍ദ്ദേശം നുണയെന്ന് പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം വാങ്ങരുതെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചെന്ന പ്രസ്താവന നുണയെന്ന് ബിജെപി. പ്രളയത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ ഒരു സഹായ വാഗ്ദാനവും യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

അതേസമയം കേരളത്തിന് യുഎഇ പ്രഖ്യാപിച്ച സഹായം വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ചട്ടങ്ങള്‍ സഹായം സ്വീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന് തുല്യമായ സഹായം കേന്ദ്രം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അദ്ദേഹം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അന്നൊന്നും ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്ത ചെന്നിത്തലയുടെ ഇപ്പോഴത്തെ നിലപാട് നിഷേധാത്മകമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു

Top