കോണ്‍ഗ്രസ് വിട്ട പി.എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടു കൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാര്‍ട്ടിക്കുള്ളില്‍ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു.

വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.

 

Top