പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും? സസ്‌പെന്‍സ് ഒളിപ്പിച്ച് പൃഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ടന്‍,ഗായകന്‍, സംവിധായകന്‍ എന്ന നിലയിലൊക്കെ മലയാള സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് പൃഥിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥി ,സംവിധാനം ചെയ്ത കന്നി ചിത്രം ലൂസിഫര്‍ ബോക്സോഫീസില്‍ മികച്ച വിജയമാണ് നേടിയത്. പിന്നീട് സംവിധാനത്തിന് ബ്രേക്ക് നല്‍കി അഭിനയത്തില്‍ ശ്രദ്ധ ചെലുത്തിയ താരം തന്റെ പുതിയ പ്രോജക്ടുകളുമായി തിരക്കിലാണ്.

ഇപ്പോഴിതാ താരത്തിന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. നാളെ പുതിയ ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് താരം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം….! വരുന്നു..!’ എന്നായിരുന്നു പോസ്റ്റ്. അതിന്റെ കൂടെയായി ചുരുട്ടു വലിക്കുന്ന കൈയ്യും കുരിശും കാണാം. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ നാളെ രാവിലെ പത്തു മണിക്ക് പ്രഖ്യാപിക്കുമെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന് പിന്നാലെ ഏത് സിനിമയായിരിക്കുമെന്നും സംവിധായകന്‍ ആരായിരിക്കുമെന്നുമുള്ള ചര്‍ച്ചകളാണ് ഫെയ്സ് ബുക്കില്‍ തകൃതിയായി നടക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നു?എന്ന ചര്‍ച്ചയും ആരാധര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

എന്നാല്‍ ആദ്യം മുതലേ ചര്‍ച്ചകളില്‍ ഇടംപിടിച്ചത് ഷാജി കൈലാസ് എന്ന ഒരേയൊരു സംവിധായകന്റെ പേരായിരുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കുള്ള ഷാജി കൈലാസിന്റെ തിരിച്ചുവരാണ് ഈ പ്രോജക്ട് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തുമെന്നും കേള്‍ക്കുന്നു. 2012ല്‍ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.

പൃഥ്വിരാജ് ഷെയര്‍ ചെയ്ത അതേ പോസ്റ്റ് ഷാജി കൈലാസും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നെങ്കിലും പിന്നാലെ ഡിലീറ്റ് ചെയ്തു.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയറാമിനെ നായകനാക്കി ഒരുക്കിയ ‘ജിഞ്ചര്‍’ ആയിരുന്നു ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

പൃഥ്വിയുടെ പോസ്റ്റിനു താഴെത്തന്നെ ആയിരക്കണക്കിന് കമന്റുകളാണ് എത്തിയിരിക്കുന്നത്. ആറ് വര്‍ഷം മുന്‍പെത്തിയ ‘മെമ്മറീസി’ലെ കഥാപാത്രം വീണ്ടും എത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. ‘സെവന്‍ത് ഡേ’, ‘മുംബൈ പൊലീസ്’ എന്നീ സിനിമകളുടെ രണ്ടാംഭാഗമായിരിക്കാം ഇതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Top