നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ രോഗം സ്ഥിരീകരിച്ച 12കാരന്‍ മരിക്കുകയും സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കി.

നിപ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികള്‍ എല്ലാ ദിവസവും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കും വിധേയരാക്കും. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ രണ്ടു തവണയായി അഞ്ച് ദിവസത്തെ ഇടവേളയില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം മൂന്ന് സാമ്പിളും നെഗറ്റീവ് ആവുകയോ ചെയ്താല്‍ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കല്‍ ബോര്‍ഡും തീരുമാനിച്ചാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാം.

ആദ്യഫലം നെഗറ്റീവ് ആയാല്‍ 3 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്നും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പിന്നീട് 21 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് തുടര്‍ പരിശോധനകള്‍ നടത്തും. ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ പിന്നീട് 3 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്നും ലക്ഷണമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ഫലം പൊസിറ്റിവ് അല്ലാത്ത ലക്ഷണം ഉള്ളവര്‍ക്ക് മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താന്‍ വിശദ പരിശോധന നടത്താനും പ്രോട്ടോക്കോളില്‍ ശുപാര്‍ശ ചെയ്യുന്നു.

Top