തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു.
കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
പാളയത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
മാര്‍ച്ചിന് ശേഷം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം നടന്ന ലത്തീന്‍ അതിരൂപതയിലെ വൈദികരുടെ സമ്മേളനത്തിലും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലും സര്‍ക്കാരിനെതിരെ ശക്തമായ വികാരം പ്രകടിപ്പിച്ചിരുന്നു.
കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്.
172 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് തെരച്ചില്‍ വ്യാപിപ്പിക്കണം, കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കണം, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും സഭാനേതൃത്വം മുന്നോട്ടു വയ്ക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 285 പേരെ കാണാതായിട്ടുണ്ടെന്നാണ് സഭയുടെ കണക്ക്.
അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയുന്ന സമരരീതികളിലേക്ക് മാറുമെന്നും സഭാനേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.