മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം

കോട്ടയം: കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും കടുത്ത സുരക്ഷയൊരുക്കി കേരളാ പൊലീസ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഒരുക്കുന്ന ഏറ്റവും കടുത്ത സുരക്ഷയായിരുന്നു കോട്ടയം നഗരത്തിൽ ഇന്ന് ഒരുക്കിയത് . സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷാ വലയമാണ്. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നി‍ർദേശം.

കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചു . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഫോട്ടോ പതിപ്പിച്ച പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് ലീഗ് പ്രതിഷേധിച്ചത്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാർസർഗോഡ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കണ്ണൂരും പാലക്കാടും യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. കോഴിക്കോട് മഹിള കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

 

Top