ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷം

ജറൂസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുന്നു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളടക്കം രംഗത്തുവന്നിട്ടുണ്ട്.ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷികളായി നില്‍ക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വന്‍ പരാജയമാകുകയും ചെയ്ത നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ് നേതാവ് യായര്‍ ലാപിഡ് ആവശ്യപ്പെട്ടു.ബന്ദികളുടെ കുടുംബങ്ങളും നെതന്യാഹുവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര യോഗം വിളിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നാണ് ഭീഷണി.

രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ അഴിമതിക്കേസ് വിചാരണ പുനരാരംഭിക്കും. യുദ്ധം മുന്‍നിര്‍ത്തി നീട്ടിവെച്ച ബെസഖ്-വല്ല കേസ് വിചാരണയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. വല്ല വെബ്‌സൈറ്റില്‍ തനിക്കനുകൂലമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബെസഖ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയെ സഹായിക്കുന്ന തീരുമാനങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം.

നേരത്തേ, കേസില്‍ വാദംകേള്‍ക്കുന്ന മൂന്നു ജഡ്ജിമാര്‍ അഴിമതി ആരോപണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയതോടെ അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് വിചാരണ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, കോടതികള്‍ പതിവുപോലെ പ്രവര്‍ത്തിക്കാന്‍ നീതിന്യായ മന്ത്രി അനുമതി നല്‍കിയതിനു പിന്നാലെയാണ് വിചാരണ പുനരാരംഭിക്കുന്നത്.വിചാരണ വീണ്ടും തുടങ്ങുന്നത് സമാനതകളില്ലാത്ത നാണക്കേടാണെന്ന് നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാര്‍ട്ടി കുറ്റപ്പെടുത്തി. വേറെയും രണ്ടു കേസുകളില്‍ നെതന്യാഹുവിനെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

Top