കുറഞ്ഞ വേതനവും, തൊഴിലില്ലായ്മയും: മാധ്യമപ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ ടുണീഷ്യയില്‍ പ്രക്ഷോഭം

ട്യൂണിസ്: ടുണീഷ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രക്ഷോഭവുമായി ജനങ്ങള്‍. അബ്‌ദെറസക് സോര്‍ഗി എന്ന മാധ്യമപ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്.

കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഒരു പുതിയ വിപ്ലവത്തിന് തുടക്കമിടുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.

മരണത്തെത്തുടര്‍ന്ന് കാസെറിന്‍ പ്രവിശ്യയില്‍ തിങ്കളാഴ്ച മുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. പ്രതിഷേധം കടുത്തപ്പോള്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തില്‍ ടുണീഷ്യയിലെ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ യൂണിയന്‍ സമരം ആഹ്വാനം ചെയ്തു. നിയമപരിരക്ഷയില്ലാതെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയെ യൂണിയന്‍ അപലപിച്ചു.

തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ജനങ്ങള്‍ കഴിഞ്ഞ ജനുവരിയിലും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. 2010ല്‍ തൊഴിലില്ലായ്മ കാരണം തെരുവ് കച്ചവടക്കാരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ടുണീഷ്യന്‍ ഏകാധിപതി ബെന്‍ അലി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. 2011 ലെ അറബ് വസന്തത്തിലെ പ്രതിജ്ഞകള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലയെന്ന് വീഡിയോയില്‍ ആത്മഹത്യ ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ആരോപിക്കുന്നുണ്ട്

Top