ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വന്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

SABARIMALA

പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലില്‍ വന്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. പൊലീസിനെ പ്രതിഷേധക്കാര്‍ വളയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വലിയ പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറുന്നത്. ഏഷ്യാനെറ്റിന്റെ ഡിഎസ്എന്‍ജി തകര്‍ക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം നടത്തുകയും ചെയ്തിരുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന പുരുഷന്‍മാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. സരിതയെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നുമാണ് വിവരം.

നേരത്തെ റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ അടിച്ചുതകര്‍ത്തിരുന്നു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനലിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു. മറ്റു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമം നടന്നതായി പൂജ പ്രസന്ന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കുനേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

അതേസമയം, ശബരിമലയില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്‌.

ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശിയെയും ആന്ധ്രാ സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് അരങ്ങേറുന്നത്. മാധ്യമങ്ങള്‍ക്കു നേരെയും കൈയ്യേറ്റം നടന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടേതടക്കമുള്ള മാധ്യമങ്ങളുടെ വാഹനങ്ങളും ക്യാമറകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തിരുന്നു.

Top