മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറിയത്. ഏഷ്യാനെറ്റിന്റെ ഡിഎസ്എന്‍ജി തകര്‍ക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം നടത്തുകയും ചെയ്തിരുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന പുരുഷന്‍മാരാണ് സരിതയെ ബസില്‍ നിന്നും പിടിച്ചിറക്കിയത്. സരിതയെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നുമാണ് വിവരം.

നേരത്തെ റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ അടിച്ചുതകര്‍ത്തിരുന്നു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന.

പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. പൊലീസിനെ പ്രതിഷേധക്കാര്‍ വളയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്.

Top