Protesting Cong MPs have only ‘vested interest’ and not ‘national interest’: Speaker

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന കോണ്‍ഗ്രസിന് ദേശീയതാല്‍പര്യമല്ല, മറിച്ച് സ്ഥാപിത താല്‍പര്യമാണുള്ളതെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ബഹളംവച്ച് സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിനെതിരെ ആയിരുന്നു സ്പീക്കറുടെ പരാമര്‍ശം.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വയ്ക്കുന്നതിനിടയിലാണ് സ്പീക്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ചോദ്യോത്തരവേള മാറ്റി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. പത്തോളം നോട്ടീസുകളാണ് സ്പീക്കര്‍ തള്ളിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിയ്ക്കാന്‍ തുടങ്ങിയതോടെ വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്തെത്തി.

സുരക്ഷ സംബന്ധിച്ച തന്റെ ചോദ്യത്തെ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം തടയുകയാണെന്നും ദേശീയ താല്‍പര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് ബഹളം നിര്‍ത്തണമെന്നും ബിജു ജനതാദള്‍ എം.പിയായ ബൈജയന്ത് പാണ്ട ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സ്പീക്കറുടെ വിമര്‍ശനം.

സഭാ നടപടികള്‍ തടസപ്പെടുത്തുക മാത്രമായിരിയ്ക്കുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ ലക്ഷ്യമെന്ന് സുമിത്ര മഹാജന്‍ കുറ്റപ്പെടുത്തി. നടുത്തളത്തിലിറങ്ങിയ എല്ലാ അംഗങ്ങളുടേയും പേരുകള്‍ തനിയ്ക്ക് വേണമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു.

Top