വെടിയുതിര്‍ക്കുന്ന പ്രതിഷേധക്കാര്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുപി പോലീസ്

 

ലഖ്നൗ :പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ യുപി പൊലീസ് നടത്തിയ വെടിവെയ്പ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പോലീസിനെതിരേവെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്. മീററ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമത്തിനിടെ പകര്‍ത്തിയദൃശ്യങ്ങളാണ് യു.പി. പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.

പ്രതിഷേധത്തിനിടെ പോലീസിന് നേരേ തോക്കു ചൂണ്ടി വെടിയുതിര്‍ക്കുന്ന രണ്ടുപേരും തോക്കുമായി നടന്നുനീങ്ങുന്ന മുഖംമറച്ച ഒരാളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 19 മുതല്‍ 21 വരെ ഇത്തരത്തിലുള്ള അക്രമവും കലാപവുമാണ് പോലീസിന് നേരിടേണ്ടിവന്നതെന്നും അതിനാലാണ് തിരിച്ചടിക്കേണ്ടിവന്നതെന്നും പോലീസ് പറയുന്നു.

ഒരാഴ്ചയ്ക്കിടെ ഏകദേശം 15 ലേറെ പേരാണ് യുപിയിലെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. മീറ്ററില്‍ മാത്രം ആറുപേര്‍ മരിച്ചു.പലരുടെയും മൃതദേഹങ്ങളില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും പ്ലാസ്റ്റിക്, റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് മാത്രമാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രതികരണം. ബിജിനോറില്‍ മാത്രമാണ് വെടിവെപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു.

അക്രമസംഭവങ്ങളില്‍ സംസ്ഥാന പോലീസിന് വന്‍ നാശനഷ്ടങ്ങളുണ്ടായതായി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയും പ്രതികരിച്ചു. 288 പോലീസുകാര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 62 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. കലാപങ്ങള്‍ നടന്ന പ്രദേശങ്ങളില്‍നിന്ന് അഞ്ഞൂറിലേറെ വെടിത്തിരകള്‍ കണ്ടെടുത്തതായും ഉപമുഖ്യമന്ത്രി പറഞ്ഞു.

 

 

Top