ഇറാനില്‍ തെരുവുകള്‍ കയ്യടക്കി പ്രക്ഷോഭകര്‍, എട്ടു മരണം

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസിന്റെ മർദനത്തെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ ഇറാനിൽ പ്രതിഷേധം ആളി പടരുന്നു. അക്രമ സംഭവങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ അറിയിച്ചു. നഗരങ്ങളിൽ ആയിരക്കണക്കിന് പേർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാൻ ഭാഗത്തുനിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്.

എന്നാൽ ഇതിനോടകം 50ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് വിച്ഛേദിച്ചു.

സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോർട്ടുണ്ട്. 2019ൽ ഇന്ധനവില വർധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനിൽ നടക്കുന്ന വലിയ പ്രതിഷേധമാണിത്. 1,500ഓളം പേർ 2019ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടിരുന്നു.

Top