ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ അക്രമം; പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും പരാജയ പെട്ടെന്ന ആക്ഷേപം ശക്തി പ്രാപിച്ചിരിക്കുകയാണ്. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് അനൂപ് ചൗദരി ,ജനറല്‍ സെക്രട്ടറി നരേന്ദ്ര ഭണ്ഡാരി എന്നിവര്‍ ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തെ അപലപിച്ചു .

പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയനും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ബി ജെ പി നേതാവ് പി കെ കൃഷ്ണദാസും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ അപലപിച്ച് രംഗത്ത് വന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴിലെടുക്കുന്നതിന് സംരക്ഷണം നല്‍കണമെന്ന് അദേഹം ആവശ്യപെട്ടു. നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ബിജെപി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ട കാര്യവും അദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് എന്തൊക്കയോ മറയ്ക്കാനും ഒളിയ്ക്കാനും ഉളളത് കൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കുഷ്ണദാസ് ആരോപിച്ചു. ആദ്യം സന്നിധാനത്ത് മാധ്യമങ്ങളെ കയറ്റില്ല എന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചത്.

Top