‘ഹോങ്കോങിലെ ജനകീയ പ്രക്ഷോഭം’ ; സഭ പാസാക്കിയ 2 നിയമങ്ങളില്‍ ഒപ്പുവെച്ച് ട്രംപ്

ഹോങ്കോങിലെ ജനകീയ പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവത്തെ കുറിച്ച് ജനപ്രതിനിധി സഭ പാസാക്കിയ നിയമങ്ങളില്‍ ട്രംപ് ഒപ്പുവെച്ചു. അതേസമയം ഹോങ്കോങ് ജനതയോടുള്ള ആദരവുകൊണ്ടാണ് നിയമങ്ങളില്‍ താന്‍ ഒപ്പുവെച്ചതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മാത്രമല്ല ചെനയോടും പ്രസിഡന്റ് ഷി ജിന്‍ പിംഗിനോടും തനിക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയ 2 നിയമങ്ങളിലാണ് ട്രംപ് ഒപ്പുവെച്ചത്. ഒന്നിനെതിരെ 417 വോട്ടുകള്‍ക്കായിരുന്നു നേരത്തെ അമേരിക്കന്‍ ജനപ്രതിനിധി സഭ ‘ഹോങ്കോങ് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് ഡെമോക്രസി’ എന്ന നിയമം പാസാക്കിയത്. ഹോങ്കോങിന് നിലവില്‍ അമേരിക്ക അനുവദിച്ച പ്രത്യേക വ്യാപാര പരിഗണന എല്ലാ വര്‍ഷവും പുനപരിശോധനക്ക് വിധേയമാക്കണം എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. ഹോങ്കോങിന് ചൈന അനുവദിക്കുന്ന പരമാധികാരത്തിന് അനുസരിച്ച് വ്യാപാര പരിഗണനയില്‍ മാറ്റങ്ങള്‍ വരുത്താനും നിയമം അനുശാസിക്കുന്നുണ്ട്. ഹോങ്കോങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളാവുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഹോങ്കോങ് പൊലീസ് സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചില സൈനികോപകരണങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ജനപ്രതിനിധി സഭ പാസാക്കിയ രണ്ടാമത്തെ നിയമം. അതേസമയം, ഹോങ്കോങില്‍ നിലവില്‍ തുടരുന്ന സംഘര്‍ഷങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് ചൈന ആരോപിച്ചു.

Top