ഹത്രാസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു

ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുപതോളം വകുപ്പുകള്‍ ചേര്‍ത്താണ് കണ്ടാലറിയുവന്നവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, സമുദായ ഐക്യം തകര്‍ക്കല്‍, ഗൂഢാലോചന നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, ഇരയുടെ കുടുംബത്തെ തറ്റിദ്ധരിപ്പിക്കല്‍, ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കല്‍, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികളെ സംരക്ഷിക്കുന്ന യുപി പൊലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം ഇരയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിക്കല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം തുടങ്ങിയ നിയമങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

Top