പൗരത്വ ഭേദഗതി ബില്‍ ; പ്രതിഷേധം കത്തിപ്പടരുന്നു, അസമില്‍ ഇന്ന് ബന്ദ്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി.

പൗരത്വബില്ലിനെതിരെ അസമില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഗുവാഹത്തിയില്‍ ‍അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഗുവാഹത്തിയില്‍ പൊലീസിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തെരുവുയുദ്ധമായി.

ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച അസം സർക്കാർ ക്രമസമാധാന പുനഃസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി. ത്രിപുരയും ശക്തമായ പ്രതിഷേധത്തെ നേരിടാൻ കരസേനയെ വിന്യസിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾഫ അടക്കമുള്ള വിവിധ സംഘടനകൾ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ദിബ്രുഗഡ് ജില്ലയില്‍ ചബുവയിലും പാനിടോളയിലും റയില്‍വേ സ്റ്റേഷനുകള്‍ക്ക് തീയിട്ടു. ഇതോടെ ഗുവാഹത്തിക്ക് പുറമെ ദിബ്രുഗഡിലും കര്‍ഫ്യു പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ഒട്ടേറെ പ്രതിഷേധക്കാര്‍ക്കും പൊലീസിനും പരുക്കുണ്ട്. ദിസ്പൂരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചു.

വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡുകള്‍ക്കും മറ്റും പ്രതിഷേധക്കാര്‍ തീവെച്ചു.

വടക്ക് കിഴക്കന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പൌരത്വ ഭേദഗതി ബില്‍ എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദീബ്രുഗഡില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയതോടെ പോലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ട്രെയിനുകളും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കേണ്ടി വന്നു.

Top