വ്യാപാരിയുടെ മൃതദേഹവുമായി ബാങ്കിനു മുന്നില്‍ പ്രതിഷധം; ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: അയ്മനത്തെ കര്‍ണാടക ബാങ്ക് ശാഖയ്ക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മൃതദേഹവുമായി പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മരിച്ച കെ സി ബിനുവിന്റെ ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിക്കുകയാണ്. ജെയ്ക്ക് സി തോമസ് അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

ബാങ്കിന് മുന്നില്‍ മൃതദേഹം കെട്ടിപ്പിടിച്ച് വാവിട്ടുകരയുന്ന ബിനുവിന്റെ കുടുംബത്തെയാണ് പ്രതിഷേധത്തില്‍ കാണാനാകുന്നത്. ബാങ്കിന് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമം നടത്തി. ബാങ്കുകളുടെ ഇത്തരം ക്രൂരതകള്‍ അനുവദിക്കില്ലെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. കോട്ടയം ജില്ലാ കളക്ടറോ എസ്പിയോ സ്ഥലത്തെത്തി ബാങ്കിനെതിരെ നടപടിയെടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജെയ്ക്ക് പറഞ്ഞു.

ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്ക് ആക്രമിച്ചു. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ബാങ്ക് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. ഇതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ജെയ്ക്ക് സി തോമസ് അടക്കമുള്ളവര്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യവുമായി ബാങ്കിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Top