യുഎസില്‍ പ്രതിഷേധം കനക്കുന്നു; ആയുധധാരികളായ സൈന്യത്തെ വിന്യസിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: യുഎസ്സില്‍ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡ് പോലീസ് പീഡനത്തില്‍ മരിച്ച സംഭവത്തെതുടര്‍ന്നാണ് യുഎസില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്ത പശ്ചാത്തലത്തിലാണ് സുരക്ഷാനടപടികള്‍ ശക്തിമാക്കാന്‍ ട്രംപ് ഒരുങ്ങുന്നത്.

വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണ്. ആഭ്യന്തര ഭീകരവാദമാണ് അത്. നിങ്ങള്‍ ക്രിമിനല്‍ ശിക്ഷാനടപടികളും ദീര്‍ഘകാലം ജയില്‍വാസവും നേരിടേണ്ടിവരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് എനിക്ക് പറയാനുള്ളത് എന്ന് ട്രംപ് പറഞ്ഞു. യു.എസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസവും തുടരുകയാണ്. അക്രമങ്ങള്‍ വ്യാപകമായതിനെതുടര്‍ന്ന് 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

75ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫിലാഡല്‍ഫിയ, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളില്‍ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

ഒട്ടേറെ പോലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. കടകള്‍ കൊള്ളയടിക്കപ്പെട്ടു. കൊള്ളയും തീവെപ്പും റോഡ് ഉപരോധവും തുടരുകയാണ്. ലൂയിസ്വിലില്‍ ഞായറാഴ്ച രാത്രി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടു. രാജ്യത്താകെ ഇതപവരെയും 4400 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പലയിടത്തും പോലീസുമായി കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top