പിന്‍മാറാതെ മനീതി സംഘം പമ്പയില്‍; രോക്ഷാകുലരായി പ്രതിഷേധക്കാര്‍. . .

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനീതി സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. 11 യുവതികള്‍ അടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കിയാണ് മനീതി സംഘടന എത്തിയത്. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലന്നും ദര്‍ശനം നടത്തിയേ തിരിച്ചു പോകൂവെന്നുമാണ്‌ അവര്‍ അറിയിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഘം പമ്പയില്‍ എത്തിയത്.

അതേസമയം, ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് പന്തളം കൊട്ടാരം അറിയിച്ചിരിക്കുന്നത്. ആചാര ലംഘനം ഉണ്ടാകരുതെന്ന നിര്‍ദേശം പന്തളം കൊട്ടാരം ദൂതന്‍ മുഖേനെ തന്ത്രിയെ അറിയിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പന്തളം കൊട്ടാരവും തന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും തുലാമാസ പൂജയ്ക്കും മലകയറാന്‍ യുവതികള്‍ എത്തിയപ്പോള്‍, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നായിരുന്നു പന്തളം കൊട്ടാരം നിലപാടെടുത്തത്.

എന്നാല്‍, ശബരിമലയിലെ പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നതെന്നും നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനീതി സംഘം നേതാവ് ശെല്‍വിയും വ്യക്തമാക്കി. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി ശെല്‍വി പറഞ്ഞു.

Top