പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം; വീണ്ടും പ്രതിഷേധിച്ച് നാട്ടുകാര്‍, പൊലീസ് നടപടി

കൊച്ചി: വിവാദമായ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം നടത്തിയ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചാണ് സമരക്കാര്‍ ടെര്‍മിനല്‍ നിര്‍മ്മാണസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

200ലധികം ആളുകളാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. കുട്ടികളും സ്ത്രീകളും മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം നിലവില്‍ വിവാദമായിരിക്കുന്ന ടെര്‍മിനല്‍ നിര്‍മ്മാണ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് സമരക്കാര്‍ മാര്‍ച്ച് നടത്തിയത്.

നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രണ്ടര വര്‍ഷമായി ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച നിര്‍മ്മാണം വീണ്ടും തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് സമരവുമായി നാട്ടുകാര്‍ വീണ്ടും രംഗത്ത് എത്തിയത്.

ജനവാസ മേഖലയില്‍ പദ്ധതി വരുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു. ഒന്‍പത് വര്‍ഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഉണ്ടായതെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയില്‍ നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ചത്.

Top