ഹോങ്കോങ് ഇലവനെതിരേ മെസ്സി ഇറങ്ങാത്തതില്‍ പ്രതിഷേധം; അര്‍ജന്റീനയുടെ മത്സരങ്ങള്‍ റദ്ദാക്കി ചൈന

ബെയ്ജിങ്: ഹോങ്കോങ് ഇലവനെതിരേ ഇന്റര്‍ മയാമിയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കാത്തത് വിവാദമായ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ മത്സരങ്ങള്‍ റദ്ദാക്കി ചൈന. അടുത്തമാസത്തെ അന്താരാഷ്ട്ര ഇടവേളയില്‍ ചൈനയിലെ ഹാങ്ചൗവില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീന-നൈജീരിയ, ബെയ്ജിങ്ങില്‍ നടക്കാനിരുന്ന അര്‍ജന്റീന-ഐവറികോസ്റ്റ് മത്സരങ്ങളാണ് ചൈന റദ്ദാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഹോങ്കോങ്ങ് ഇലവന്‍-ഇന്റര്‍ മയാമി മത്സരം. പകരക്കാരുടെ നിരയില്‍ മെസ്സി ഉണ്ടായിരുന്നെങ്കിലും കളിച്ചില്ല. മത്സരത്തില്‍ 4-1ന് മയാമി ജയിച്ചു. പേശിവലിവ് കാരണമാണ് കളിക്കാതിരുന്നതെന്ന് മെസ്സി പിന്നീട് വ്യക്തമാക്കി. എന്നാല്‍, ബുധനാഴ്ച ജപ്പാനിലെ വിസല്‍ കോബയ്‌ക്കെതിരായ മത്സരത്തില്‍ മെസ്സി പകരക്കാരനായി ഇറങ്ങി. ഇതോടെ ചൈനയില്‍ പ്രതിഷേധം വ്യാപകമായി. ഹോങ്കോങ് ഇലവന്‍-ഇന്റര്‍ മയാമി മത്സരം കാണാനെത്തിയവര്‍ ടിക്കറ്റ് തുക തിരികെനല്‍കണമെന്നാവശ്യപ്പെട്ടു. മെസ്സിയുടെ കളികാണാനാണ് തങ്ങള്‍ എത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. ഇതോടെ ടിക്കറ്റിന്റെ പകുതിത്തുക തിരിച്ചുനല്‍കാമെന്ന് സംഘാടകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

തുടര്‍ന്നും മെസ്സിക്കെതിരേ ചൈനയിലെ ഫുട്‌ബോള്‍ പ്രേമികള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സൗഹൃദമത്സരം ഉപേക്ഷിച്ചത്. മെസ്സി പങ്കെടുക്കുന്ന മത്സരം സംഘടിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് ബെയ്ജിങ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

Top