‘മൻസൂറിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം: രോഷം: വേദന’-കെ.കെ.രമ

കോഴിക്കോട്:  മുസ്‌‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമ.

കെ.കെ. രമയുടെ കുറിപ്പ് ഇങ്ങനെ:

“നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ്  പ്രവർത്തകൻ 22 വയസ്സുകാരനായ മൻസൂറിനെയാണ് സിപിഎം കൊലയാളിക്കൂട്ടം ഇന്നലെ തിരഞ്ഞെടുപ്പിന്റെ രാവിൽ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്.ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ അരുതെന്ന് എത്രയോ കാലമായി നെഞ്ചു കീറി വിലപിച്ചു കൊണ്ടിക്കുന്ന കേരളത്തിന്റെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാൾ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്ത്തിക്കൊണ്ടിരിക്കുന്നത്.

മരണം വരെ ഹൃദയം പിളർന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത്? കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നൽകിപ്പോറ്റി വളർത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ വലിയ ജനകീയ പ്രതികരണമുയർത്താൻ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മൻസൂറിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം., രോഷം., വേദന”..കെ.കെ. രമ കുറിച്ചു.

Top