ലോക്ക്ഡൗണ്‍ലംഘിച്ച് പ്രതിഷേധം; സി ഐയെ ആക്രമിച്ച 14 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച അതിഥി തൊഴിലാളികളുടെ കല്ലേറി സിഐക്ക് പരിക്കേറ്റ സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍. ലോക്ക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പേട്ട സിഐ ഗിരിലാലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അതിഥി തൊഴിലാളികളുടെ അറസ്റ്റ്.

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ഒരു വാതില്‍കോട്ടയില്‍ 670 ഓളം അതിഥി തൊഴിലാളികള്‍ സംഘടിതമായി റോഡിലിറങ്ങിയത്. തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും തിരുവനന്തപുരത്ത് ഉള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. പൊലീസ് ആദ്യം സമാധാനപ്പെടുത്തി ക്യാമ്പിലേക്ക് കയറ്റി. എന്നാല്‍, വീണ്ടും പുറത്തിറങ്ങി തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. വധശ്രമം, പൊലീസിനെ ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Top