ഹിന്ദു പെണ്‍കുട്ടിയുടെ നിര്‍ബന്ധിത മതംമാറ്റം; പാക് ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം

പാകിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതംമാറ്റി, മുസ്ലീം യുവാവിന് വിവാഹം കഴിപ്പിച്ച് നല്‍കിയ സംഭവത്തില്‍ ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം. പാകിസ്ഥാനില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും, യുകെയിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്നാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

‘മെഹക് കുമാരിക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പോരാട്ടം. ആ പോരാട്ടത്തില്‍ അവള്‍ ഒറ്റയ്ക്കല്ലെന്ന് സന്ദേശം നല്‍കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ പരിചരിക്കുന്ന രീതി കണ്ട് നിശബ്ദരായി ഇരിക്കാന്‍ കഴിയില്ല’, പ്രതിഷേധത്തിന്റെ രണ്ടാം ദിനത്തില്‍ ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞു.

ജനുവരി 15നാണ് പാകിസ്ഥാനിലെ ജാകോബാബാദ് ജില്ലയില്‍ നിന്നും 15 വയസ്സുള്ള പെണ്‍കുട്ടിയെ അലി റാസ സൊളങ്കി എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 9ാം ക്ലാസില്‍ പഠിക്കുന്ന മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍തി.

ഇസ്ലാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചതല്ലെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടിയെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നാണ് പാകിസ്ഥാനിലെ ചില മുസ്ലീം പുരോഹിതന്‍മാര്‍ ആവശ്യപ്പെട്ടത്. കേസില്‍ മെഹക് കുമാരിയെ കോടതി ഷെല്‍ട്ടര്‍ ഹോമില്‍ അയച്ചിരിക്കുകയാണ്. 18 വയസ്സ് തികയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് കുറ്റകൃത്യം തന്നെയാണെന്ന് സിന്ധ് ന്യൂനപക്ഷകാര്യ മന്ത്രിയും സമ്മതിച്ചിട്ടുണ്ട്.

പാകിസ്ഥാനില്‍ ഹിന്ദു വിഭാഗങ്ങള്‍ താമസിക്കുന്ന സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കുന്നത് വലിയ പ്രശ്‌നമാണ്. കഴിഞ്ഞ മാസം ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നതിന് എതിരെ പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

Top