യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്

കൊച്ചി ; എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂടിയായ യതീഷ് ചന്ദ്രയുടെ തൃശൂരിലെ ഓഫീസിലേക്കാണ് മാര്‍ച്ച്.

നിലക്കലില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവരോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാരോപിച്ചാണ് പ്രതിഷേധം. രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്ര അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍, ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതില്‍ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top