കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ വയനാട്ടില്‍ പ്രതിഷേധം

മാനന്തവാടി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കര്‍ണാടക വനംവകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തില്‍ രാവിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന എത്തിയതായി മുന്നറിയിപ്പോ ജാഗ്രതാ നിര്‍ദേശമോ വനം വകുപ്പ് നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡുകള്‍ ഉപരോധിച്ചുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ എംഎല്‍എയെ തടയുകയും എസ്പിക്കെതിരെ ഗോ ബാക്ക് മുദ്രവാക്യം വിളിക്കുകയും ചെയ്തു.

അതേസമയം കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നു. മാനന്തവാടിയില്‍ കടകള്‍ അടച്ചും നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം.

രാവിലെ ഗേറ്റ് തകര്‍ത്ത് വീട്ടിലേക്ക് എത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷയത്തില്‍ ഉന്നതതല യോഗം നടക്കുകയാണ്. എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സബ് കളക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

Top