Protest in Turkey over IS’s rocket strike

അങ്കാറ: ഇസ്ലാമിക് സ്റ്റേറ്റിന്റെ റോക്കറ്റാക്രമണം നേരിടാന്‍ ശക്തമായ നടപടികളെടുക്കാത്ത തുര്‍ക്കി സര്‍ക്കാരിനെതിരെ പ്രതിഷേധം.

കിലിസില്‍ നിരവധിപ്പേരാണ് പ്രതിഷേധ പ്രകടനവുമായി നിരത്തിലിറങ്ങിയത്. ഞായറാഴ്ച കിലിസിലുണ്ടായി റോക്കറ്റാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അറുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിറിയന്‍ അതിര്‍ത്തി നഗരമായ കിലിസില്‍ ഐഎസിന്റെ റോക്കറ്റാക്രമണം തുടര്‍ക്കഥയായതോടെയാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങിയത്.

റോക്കറ്റാക്രമണം ചെറുക്കാന്‍ ശക്തമായ നടപടികളെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത് നടപ്പിലാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഞായറാഴ്ച മാത്രം രണ്ട് റോക്കറ്റാക്രമണമാണ് കിലിസിനു നേര്‍ക്കുണ്ടായത്.

കിലിസിനെ സംരക്ഷിക്കാനാകാത്ത സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായെത്തിയ പ്രദേശവാസികളെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രദേശത്തെ ഗവര്‍ണര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഒരു ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികളാണ് കിലിസിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ റോക്കറ്റാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top