ശ്രീലങ്കയില്‍ പ്രതിഷേധം പടരുന്നു, കര്‍ഫ്യൂ ലംഘിച്ചതിന് 600ലേറെ പേര്‍ അറസ്റ്റില്‍

കൊളംബോ: രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ചതിന് ശ്രീലങ്കയില്‍ 600ലധികം പേരെ അറസ്റ്റ് ചെയ്തു. കര്‍ഫ്യൂ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും സര്‍ക്കാര്‍ വിരുദ്ധ റാലി നടത്തിയതിനുമാണ് അറസ്റ്റ്. ശ്രീലങ്കയിലെ പശ്ചിമ പ്രവിശ്യയില്‍ നിന്നും 644 പേരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച നടത്താനിരുന്ന ‘അറബ് വസന്തം’ മാതൃകയിലുള്ള പ്രതിഷേധത്തിന് മുന്നോടിയായാണ് ശ്രീലങ്കയില്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.ഞായറാഴ്ച ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് തടയിടുവാനായി ശനിയാഴ്ച സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കര്‍ഫ്യൂ ലംഘിച്ച് കൊളംബോയിലെ ഐക്കണിക് ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം മൂലം ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും ബുദ്ധിമുട്ടുകള്‍ക്കും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

വെള്ളി അര്‍ധരാത്രിയാണ് പ്രസിഡന്റ് ഗോതബായ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈന്യത്തിന് പൂര്‍ണ നിയന്ത്രണം നല്‍കുന്ന അടിയന്തരാവസ്ഥയ്ക്കു പിന്നാലെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ശനി വൈകിട്ട് ആറുമുതല്‍ തിങ്കള്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ പ്രക്ഷോഭകരെ വിരട്ടാനാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ജനത്തിനുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെയും പ്രസിഡന്റ് രാജപക്സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രചരണങ്ങള്‍ വ്യാപകമായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഞായറാഴ്ച വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം,ടിക്ക് ടോക്ക്, യൂ ട്യൂബ്, സ്‌നാപ് ചാറ്റ് എന്നിവയുടെ സേവനങ്ങള്‍ 15 മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top