കർഷക സമരത്തെ പിന്തുണച്ച് ലണ്ടനിൽ ആയിരങ്ങൾ തെരുവിൽ;നിരവധി പേർ അറസ്റ്റിൽ

ലണ്ടൻ : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ലണ്ടനില്‍ ശക്തമായ പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനില്‍ പ്രതിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ലണ്ടനിലെ ആൽഡ്‌വിച്ചിലെ ഇന്ത്യൻ എംബസിക്കരികിലായിരുന്നു പ്രതിഷേധം. ട്രഫൽഗർ ചത്വരത്തെ ചുറ്റി പ്രതിഷേധക്കാർ റാലി നടത്തുകയും ചെയ്തു. പ്ലക്കാർഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവർ വഴങ്ങിയില്ല. പഞ്ചാബിലെ കർഷകർക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യമാണ് ആളുകൾ ഉയർത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.

“വിഷയം ഇന്ത്യൻ ഹൈക്കമ്മീഷൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അധികൃതരുമായി ചേർന്ന് എങ്ങനെയാണ് അനുമതിയില്ലാതെ ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതെന്ന് അന്വേഷിച്ചു. പ്രതിഷേധം ചില ഇന്ത്യാവിരുദ്ധരുടെ നേതൃത്വത്തിൽ നടത്തിയതാണെന്ന് പിന്നീട് വ്യക്തമായി. കർഷകരെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന ഇന്ത്യാവിരുദ്ധ അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്” എന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.

അതേസമയം പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്.

Top