ആയത്തുള്ള ഖമനയി രാജിവയ്ക്കണം; ഇറാനില്‍ പ്രതിഷേധം ശക്തം

ടെഹ്റാന്‍: മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ വിമാനം തകര്‍ന്നതില്‍ ഇറാനില്‍ പ്രതിഷേധം ശക്തം. ഇറാന്‍ ഭരണകൂടത്തിന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം കനത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

തലസ്ഥാന നഗരിയായ ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്ക് മുന്നില്‍ നൂറു കണക്കിന് ആളുകള്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.വിമാനം തകര്‍ത്തതിന് ഉത്തരവാദികളായവര്‍ രാജിവെക്കുകയും നിയമനടപടികള്‍ നേരിടുകയും വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധത്തിന് പിന്തുണയും പ്രേരണയും നല്‍കിയെന്നാരോപിച്ച് യു.കെ. സ്ഥാനപതിയെ ഇറാന്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി.

ദുരിതമനുഭവിക്കുന്ന ഇറാന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രതിഷേധം നിരീക്ഷിച്ച് വരികയാണെന്നും യുഎസ് പ്രസിഡിന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും ഇറാനിയന്‍ ഭാഷയിലുമായിട്ടാണ് ട്രംപിന്റെ ട്വീറ്റ്.

ഇതിന് പിന്നാലെ നെതന്യാഹുവും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. ‘ഭരണകൂടത്തിനെതിരെ വീണ്ടും തെരുവുകളില്‍ പ്രകടനം നടത്തുന്ന ഇറാനിയന്‍ ജനതയുടെ ധൈര്യം ഞാന്‍ ശ്രദ്ധിക്കുന്നു. അവര്‍ക്ക് സ്വാതന്ത്ര്യത്തോടേയും സുരക്ഷിതത്വത്തോടേയും സമാധാനത്തിലും ജീവിക്കാനുള്ള അര്‍ഹതയുണ്ട്’. ഇതെല്ലാം ഭരണകൂടം അവര്‍ക്ക് നിഷേധിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, വിമാനം തകര്‍ത്തതില്‍ അന്വേഷണം സുതാര്യമായിരിക്കണമെന്ന് യുക്രെയ്‌നും കാനഡയും ആവശ്യപ്പെട്ടു. വസ്തുനിഷ്ടമായ അന്വേഷണത്തിലൂടെ കൊല്ലപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീതിലഭ്യമാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 176പേരും മരിച്ചിരുന്നു. 82 ഇറാന്‍കാരും 63 കാനേഡിയന്‍ സ്വദേശികളും 11 യുക്രെയിന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Top