മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചു; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധം

പട്‌ന: ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 84 ആയി ഉയര്‍ന്നു. മരണനിരക്കു വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധമുണ്ടായി. ജന്‍ അധികാര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാട്ടിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. കേന്ദ്രം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും രോഗബാധ തടയാനുള്ള ശ്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി.

250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്‌കജ്വരം. ഇതു പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.

കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയാന്‍ തുടങ്ങും. വിറയല്‍, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടര്‍ന്നു പിടിക്കാന്‍ സാധ്യത. എന്നാല്‍ ഇത്തവണ വേനല്‍ക്കാലത്താണ് ബിഹാറില്‍ രോഗം പടര്‍ന്നിരിക്കുന്നത്.

Top