പ്രതിഷേധക്കാരെ പൊലീസ് നീക്കി: യുവതികള്‍ സന്നിധാനത്തേക്ക്

ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി മലകയറിയെത്തിയ യുവതികള്‍ക്ക് പൂര്‍ണ സുരക്ഷയൊരുക്കി പൊലീസ്. അപ്പാച്ചിമേട്ടില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്.

ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. വനിതാ പോലീസുകാരടക്കം 100ലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് യുവതികള്‍ക്ക് സുരക്ഷയൊരുക്കുന്നത്.

മലപ്പുറം സ്വദേശിയായ കനക ദുര്‍ഗ, കോഴിക്കോട് സ്വദേശിയായ ബിന്ദു എന്നിവരാണ് ദര്‍ശനത്തിനായി എത്തിയത്.

അതേസമയം യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. അന്‍പതിലേറെ പ്രതിഷേധക്കാരാണ് ഇവിടെ കൂട്ടം ചേര്‍ന്ന് എത്തിയിരിക്കുന്നത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൂടുതല്‍ പൊലീസ് അപ്പാച്ചിമേടിലെത്തി. അതേസമയം തങ്ങള്‍ മടങ്ങി പോകില്ല എന്ന നിലപാടിലാണ് യുവതികള്‍.

42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.

Top